കുപ്പിക്ക് മിഠായി: നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്‍സിലെ കുട്ടിക്കള്‍ ശേഖരിച്ചത് 25000 ല്‍ പരം പ്ലാസ്റ്റിക് കുപ്പികള്‍

കുട്ടികള്‍ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ നെടുങ്കണ്ടം ബേഡ്‌മെട്ട് ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തിച്ച് റീ സൈക്കിള്‍ ചെയ്യും.

 

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ആവശ്യകത കുട്ടികളിലേയ്ക്ക് എത്തിയ്ക്കുക എന്ന ലക്ഷ്യം വെച്ചാണ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ അധ്യാപകര്‍ കുട്ടികളോട് അവധികാലത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിയ്ക്കാന്‍ ആവശ്യപെട്ടത്. ഒരു കുപ്പി സ്‌കൂളില്‍ എത്തിയ്ക്കുന്നവര്‍ക്ക് സമ്മാനമായി മിഠായിയോ നെല്ലിയ്ക്കയോ നല്കുമെന്നും അധ്യാപകര്‍ അറിയിച്ചു. ഇതോടെ അവധികാലം പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിയ്ക്കുന്നതിനായി കുട്ടികള്‍ മാറ്റി വെച്ചു. കൃഷിയിടത്തില്‍ മണ്ണില്‍ പുതഞ്ഞ് കിടന്നതടക്കമുള്ള കുപ്പികള്‍ കണ്ടെത്തി റീ സൈക്കിള്‍ ചെയ്യുന്നതിനായി സ്‌കൂളില്‍ എത്തിച്ചു. 25000 ല്‍ പരം കുപ്പികളാണ് വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചത്.

പ്രകൃതിയ്ക്ക് വിപത്താകുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കുന്നതിനായുള്ള സന്ദേശം പകര്‍ന്നു നല്‍കിയതിന്റെ ആവേശത്തിലാണ് കുട്ടികള്‍. സ്‌കൂളിലെ 650 ലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ ആവേശ പൂര്‍വ്വമാണ് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചത്. ചിലര്‍ തങ്ങള്‍ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ വാഹനങ്ങള്‍ വിളിച്ചാണ് സ്‌കൂളില്‍ എത്തിച്ചത്. ചില വിദ്യാര്‍ത്ഥികള്‍ ആയിരത്തിലധികം കുപ്പികള്‍ ശേഖരിച്ചു.

 

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു. ഇത് ബേഡ്‌മെട്ടിലെ സംസ്‌കരണ പ്ലാന്റില്‍ എത്തിച്ച് ടാറിംഗിന് ഉപയോഗിക്കാവുന്ന തരത്തിലേയ്ക്ക് മാറ്റിയെടുക്കും. പുതുതലമുറ പ്ലാസ്റ്റിക്കിനെതിരെ നടത്തുന്ന പോരാട്ടം നല്‍കുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം അഭിപ്രായപെട്ടു. പഞ്ചായത്ത് അംഗം ഷിഹാബുദീന്‍ യൂസഫ്, ഹെഡ്മാസ്റ്റര്‍ ലിജി വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി വി.ഡി എബ്രഹാം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!