1000 മെഗാവാട്ട് സൗരോർജം ലക്ഷ്യം: മന്ത്രി എം എം മണി

വണ്ടൻമേട് 33 കെ വി സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
1000 മെഗാവാട്ട് സൗരോർജം ലക്ഷ്യം: മന്ത്രി എം എം മണി
സൗരോർജം ഉപയോഗിച്ച് ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് സർക്കാരിന്റെ കാഴ്ച്ചപ്പാടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.വണ്ടൻമേട്ടിൽ നിർമ്മിച്ച 33 കെ വി സബ് സ്റ്റേഷന്റെയും അനുബന്ധ 21 കിലോമീറ്റർ 33 കെ വി ലൈനിന്റെയും  ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പിലാക്കാൻ സർക്കാരിനെ സാധിച്ചിട്ടുണ്ട്. 500 മെഗാവാട്ട് വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചും 500 മെഗാവാട്ട് ഡാമുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു വൈദ്യുതി ഉല്പാദിപ്പിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്. പഴകിയ വിതരണശൃംഖല പുതുക്കുന്ന തോടൊപ്പം 400 കെവി സബ്സ്റ്റേഷനുകൾ സ്ഥാപിച്ച് കേരളത്തിലെ മുഴുവൻ വിതരണ രംഗത്തും മാറ്റംവരുത്താനുള്ള പദ്ധതി മുന്നോട്ട് വെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് സബ്സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. നെടുങ്കണ്ടം 66 കെവി സബ്സ്റ്റേഷൻ ഇൽ 33 കെവി ഫീഡർ സ്ഥാപിക്കുകയും അവിടെ നിന്നും 21 കിലോമീറ്റർ ദൈർഘ്യമുള്ള 33 കെവി ഓവർ ഹെഡ് ലൈൻ നിർമ്മിച്ചുമാണ് വണ്ടൻമേട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. നിലവിൽ വണ്ടൻമേട് സബ്സ്റ്റേഷനിൽ 33 ,11 കെവി 5 MVI  ഉള്ള രണ്ട് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നും 4, 11 കെ വി ഫീഡറുകളിലൂടെ വൈദ്യുതിവിതരണം നടത്തുന്നതിന് സബ്സ്റ്റേഷൻ സജ്ജമാണ്. നിലവിൽ വണ്ടന്മേട്, പുറ്റടി, അണക്കര ,ചേറ്റുകുഴി, കമ്പംമെട്ട്, കുഴിത്തൊളു, പുളിയന്മല, മാലി , ആനവിലാസം   എന്നീ സ്ഥലങ്ങളിലേക്ക് നെടുങ്കണ്ടം,  കട്ടപ്പന എന്നീ സബ് സ്റ്റേഷനുകളിൽ നിന്നും 30 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള 11 കെവി ലൈനുകൾ മുഖേനയാണ് വൈദ്യുതി വിതരണം ചെയ്തു വരുന്നത്. ഇതുമൂലം പലവിധ കാരണങ്ങളാൽ  വൈദ്യുതി തടസ്സങ്ങൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ വണ്ടൻമേട് 33 കെവി സബ്സ്റ്റേഷൻ യാഥാർത്ഥ്യമായതോടെ വണ്ടൻമേട്, അണക്കര,  കട്ടപ്പന എന്നീ സെഷനുകളിൽ സെഷനുകൾക്ക് കീഴിൽ വരുന്ന ഇരുപത്തി അയ്യായിരത്തിൽപ്പരം വൈദ്യുതി ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യുവാൻ സാധിക്കും. 7.1  കോടി രൂപ ചെലവിട്ടാണ് സബ്സ്റ്റേഷൻ റെയും അനുബന്ധ ലൈനിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.
വണ്ടൻമേട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാൻസി റെജി യോഗത്തിന് അധ്യക്ഷത വഹിച്ചു. സൗത്ത് ട്രാൻസ്മിഷൻ ചീഫ് എൻജിനീയർ  സുകു ആർ റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടർ ഡോക്ടർ ഡോ. വി ശിവദാസൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് ശ്രീധരൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്ൺ കുഞ്ഞുമോൾ ചാക്കോ, ബ്ലോക്ക്പഞ്ചായത്ത്  വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്ൺ സന്ധ്യ രാജ, ബ്ലോക്ക് പഞ്ചായത്തംഗം ജോബൻ പാനോസ് , ജനപ്രതിനിധികൾ, രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!