രാജാക്കാട് സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ പുനരാരംഭിയ്ക്കുന്നു

രാജാക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിന് നടപടിയായി. ജില്ലാ മെഡിക്കല്‍ ഓഫീസറും ജനപ്രതിനിധികളുമടക്കം പങ്കെടുത്ത ആശുപത്രി വികസന സമതി യോഗത്തിലാണ് ആവശ്യത്തിന് ജീവനക്കാരെ അടക്കം നിയമിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിന് തീരുമാനമായത്.
അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമുണ്ടായിരുന്നിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ മുല്ലക്കാനത്ത് പ്രവര്‍ത്തിക്കുന്ന രാജാക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ നിലച്ചിരുന്നു.  അഞ്ച് പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള രോഗികള്‍ക്ക് ഏക ആശ്രമായിരുന്ന ആശുപത്രിയില്‍ കിടത്തി ചികിത്സ നിലച്ചതോടെ കിലോമീറ്ററുകള്‍ അകലെയുള്ള അടിമാലി താലൂക്ക് ആളുപത്രിയിലും വന്‍ തുക മുടക്കി സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു നിലവില്‍. ഇതിനെതിരേ നിരവധി സമരങ്ങളടക്കം നടത്തുകയും രാജാക്കാട് വികസന സമതി ആശുപ്രിയുടെ വികസനമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ പങ്കെടുത്ത് യോഗം ചേരുകയും വാര്‍ഡ് തുടറന്ന് പ്രവര്‍ത്തിക്കുന്നതിന് തീരുമാനിക്കുകയുമായിരുന്നു. ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം വാര്‍ഡ് തുറക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് നാട്ടുകാരും പ്രതികരിച്ചു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തുന്നതോടെ രാജാക്കാട് സി എച്ച സിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനുള്ള ഇടപെടലും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതോടെ രാജാക്കാട് അടക്കമുള്ള കുടിയേറ്റ പഞ്ചായത്തുകളിലെ ആരോഗ്യമേഖലയ്ക്ക് ഏറെ പ്രയോജനകരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!