ഹൈറേഞ്ചിന്‍റെ സ്വന്തം രാജകുമാരി

ലോകത്തിലെ ഏറ്റവും സുന്ദരമായ പേര് ഏത് സ്ഥലത്തിനാവും. സംശയമില്ല അത് നമ്മുടെ രാജകുമാരി തന്നെ. ഇത്രയും മനോഹരമായ പേര് മറ്റ് ഏത് നാടിനാണുണ്ടാവുക
ആദ്യം കേള്‍ക്കുന്നവരുടെ മനസില്‍ ഒരു സ്വപ്ന ലോകം തന്നെ തീര്‍ക്കും രാജകുമാരി എന്ന സ്ഥലനാമം. പേരിന് പിന്നിലാവട്ടെ എണ്ണമില്ലാത്ത കഥകളുടെ കൂമ്പാരവും.

ജിജോ രാജകുമാരി

കുടിയേറ്റത്തിന്‍റെ ആരംഭ കാലം മുതല്‍ രാജകുമാരി എന്ന പേര് മീനച്ചിലുകാര്‍ക്കും പാലാക്കാര്‍ക്കും സമൃദ്ധിയുടെ പര്യായമായിരുന്നു. ചരിത്രത്തെ മനോഹരമാക്കന്‍ പ്രയത്നിച്ച പഴമക്കാരാണ് രാജകുമാരിയെ പഴംകഥകളിലെ അതീവ സുന്ദരിയാക്കിയത്. എഡി 1800 ല്‍ ചേര രാജാവായ ചേരന്‍ ചെങ്കുട്ടന്‍ രാജാക്കാട് ആസ്ഥാനമാക്കി നാട് ഭരിച്ചെന്നും രാജവിന്‍റെ മകളുടെ താമസ സ്ഥലം രാജകുമാരി ആയെന്നുമാണ് കഥ. ഇതിന് നിലനില്‍ക്കുന്ന യാതോരു തെളിവുമില്ലെങ്കിലും പഴമയുടെ ഈ താളിയോലയില്‍ രാജകുമാരിയെ ചേര്‍ത്തുവെയ്ക്കാനാണ് ഈ നാട്ടുകാര്‍ക്ക് ഇഷ്ടം.
തൊട്ടടുത്ത ഗ്രാമങ്ങള്‍ക്കെല്ലാം കഥയില്‍ സ്ഥാനമുണ്ട്. സേനാപതിയും കജനാപ്പാറയുമെല്ലാം കഥാപാത്രങ്ങളാണ്. ചേര രാജാവിന്‍റെ സേനാ നായകന്‍റെ ആസ്ഥാനം സേനാപതിയും രാജ്യത്തിന്‍റെ സമ്പത്ത് സൂക്ഷിച്ചിരുന്ന പാറകൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശം കജനാപ്പാറയുമായി. ഗോത്ര സംഘട്ടനങ്ങളും യുദ്ധങ്ങളുമാണ് ഇവിടുത്തെ ചേരകുലം അറ്റ് പോകാന്‍ കാരണമെന്നും പഴങ്കഥകള്‍ പറഞ്ഞു തരുന്നു. www.highrangevartha.com
ഈ മേഖലയില്‍ കാണപ്പെടുന്ന നന്നങ്ങാടികളും മുനിയറകളും പതിനൊന്നാം നൂറ്റാണ്ടിലെ ചോള രാജാവായ രാജേന്ദ്ര ചോളനെ സ്തുതിച്ചുകൊണ്ട് കജനപ്പാറയില്‍ കാണപ്പെടുന്ന വലിയ കല്ലിലെ ചോള ശാസനവും ഇവിടുത്തെ പഴം കഥകള്‍ ഊടുംപാവും നല്‍കുന്നു.
ചരിത്രാതീത കാലത്തെ രാജകുമാരിയെ സംബന്ധിച്ച കഥകള്‍ രേഖകളില്‍ പരിമിതമാണ്. ചിലയിടത്ത് രാജകുമാരി എന്നത് പൂഞ്ഞാര്‍ രാജവംശത്തിന്‍റെ ഉടമസ്ഥതയിലുള്ള വന പ്രദേശമെന്ന വിശേഷണത്തില്‍ ഒതുങ്ങുകയും ചെയ്യുന്നു.
കഥകളില്‍ സ്വപ്ന വര്‍ണ്ണം ചാര്‍ത്തിയ രാജകുമാരിയ്ക്ക് കൂട്ടായി ഒരു രാജകുമാരന്‍ എത്തിയിട്ടില്ലെന്ന് വേണം കരുതാന്‍. അങ്ങനെയായിരുന്നുവെങ്കില്‍ രാജകുമാരന്‍റെ നാമത്തിലും ഇവിടെ ഒരു സ്ഥലം ഉണ്ടായേനെ…

കുടിയേറ്റ കാലം

കൊടും തണുപ്പ്, കോടമഞ്ഞ്, നൂല്‍മഴ, കാറ്റ് എന്നിവയാല്‍ നിറഞ്ഞ കുടിയേറ്റ വര്‍ഷങ്ങളായിരുന്നു 1950 കള്‍.ഇട തൂര്‍ന്ന വന്‍ മരങ്ങളും വനവും പോതപുല്ലുകള്‍ നിറഞ്ഞ കുന്നുകളും ചൂരല്‍, കാട്ടുമുന്തിരി, ഈറ്റ എന്നിവയാല്‍ സമ്പന്നമായ ചതുപ്പ് നിലങ്ങളും കാട്ടാന, കരടി, കാട്ടുപോത്ത്, മ്ലാവ്, തോട്ടപുഴുക്കള്‍ എന്നിവ വിഹരിച്ചിരുന്ന വനവും. ഇതായിരുന്നു അന്ന് രാജകുമാരി.ഉച്ചയോടടുക്കുമ്പോള്‍ മാത്രം കിഴക്ക് സൂര്യന്‍ ദര്‍ശനം നല്‍കിയിരുന്നു. കാട്ടു മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടുവാന്‍ ഏറുമാടങ്ങളില്‍ വസിച്ചു. തുടര്‍ന്ന് ട്രഞ്ചുകള്‍ നിര്‍മ്മിച്ച് അതിനുള്ളില്‍ വീട് വെച്ച് താമസമാരംഭിച്ചു.www.highrangevartha.com നാമമാത്രമായ ജനവാസ മേഖലയിലെ അന്നത്തെ ഏറ്റവും വലിയ പ്രശ്നമായിരുന്നു ആശുപത്രി സൗകര്യം. മലേറിയ, കോളറ, മലമ്പനി മുതലായവ പിടിപെട്ട് അവര്‍ വലിയ കഷ്ടതകള്‍ അനുഭവിച്ചു.
ചിത്തിരപുരം പ്രാഥമീക ആരോഗ്യ കേന്ദ്രമായിരുന്നു ഏക ആശ്രയം. മരകമ്പില്‍ ചാക്ക് കെട്ടി അതില്‍ രോഗിയെ കിടത്തി ഒരു ദിവസം കൊണ്ട് നിരവധി പേര്‍ ചേര്‍ന്ന് രോഗിയെ ആശുപത്രിയില്‍ എത്തിച്ച ദയനീയ കഥകള്‍ കുടിയേറ്റക്കാര്‍ നിറകണ്ണുകളോടെ പറയുന്നത് നൊമ്പരത്തോടെയെ നമുക്ക് കേള്‍ക്കുവാന്‍ കഴിയു.
1950 കളില്‍ തൊടുപുഴ, കോട്ടയം, കോതമംഗലം മേഖലകളില്‍ നിന്നുള്ളവര്‍ ഇരുട്ടുകാനത്ത് ബസ് ഇറങ്ങി തോക്കുപാറ, ആനച്ചാല്‍ വഴി നടന്ന് എല്ലക്കല്ലില്‍ അന്നുണ്ടായിരുന്ന കാപ്പികടയില്‍ വിശ്രമിച്ച് മുല്ലക്കാനം, അരിവിളംചാല്‍ വഴി പന്നിയാര്‍ പുഴ കടന്നാണ് രാജകുമാരിയില്‍ എത്തിയിരുന്നത്. www.highrangevartha.com അക്കാലങ്ങളില്‍ മൂന്നാര്‍ വഴി ശാന്തന്‍പാറയ്ക്ക് ഒരു ബസ് ഉണ്ടായിരുന്നുവെങ്കിലും പൂപ്പാറയില്‍ ബസ് ഇറങ്ങി ഇവിടേയ്ക്ക് വരാമെന്ന് നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഒപ്പം മുരിക്കുംതൊട്ടി ഭാഗത്ത് അന്ന് ജനവാസവുമില്ലായിരുന്നു.
1969 ല്‍ രാജകുമാരി ഗ്രാമ പഞ്ചായത്ത് രൂപീകൃതമായി. ട്രഷറി, സബ് രജിസ്റ്റാര്‍ ഓഫീസ്, ആശുപത്രികള്‍ വിവിധ ബാങ്കുകള്‍, സ്കൂളുകള്‍, കോളജ് തുടങ്ങി നിരവധി പ്രധാന സ്ഥാപനങ്ങള്‍ ഇന്നിവിടെയുണ്ട്.

കാര്‍ഷിക പെരുമ

രാജകുമാരിയുടെ സ്വന്തം കുരുമുളകും ഇഞ്ചിയും..കടല്‍ കടന്ന് പെരുമ ഏറിയ ഇനങ്ങളാണവ. ഒരു കാലത്ത് കുരുമുളക് കൃഷിയിടങ്ങളായിരുന്നു രാജകുമാരിയിലെങ്ങും. ഏറ്റവും അധികം ഗുണമേന്മയുള്ള കുരുമുളക് ഉത്പാദിപ്പിച്ചിരുന്നതും ഇവിടെയായിരുന്നു. കുടിയേറ്റ കാലത്ത് പുല്‍തൈല നിര്‍മ്മാണത്തിലും രാജകുമാരി പ്രസിദ്ധമായിരുന്നു. ഇന്ന് കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായും ഏലം കൃഷിയിലേയ്ക്ക് മാറി. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയ്ക്കൊപ്പമാണ് ഇന്ന് ഈ രാജകുമാരിയുടെ സ്ഥാനം. നെല്‍കൃഷിയെ ഇന്നും നെഞ്ചോട് ചേര്‍ക്കുന്ന ഒരു ജനത മഞ്ഞക്കുഴി പാടശേഖരത്തുണ്ട്.

അറിവിനൊപ്പം പ്രകൃതിയെ സ്നേഹിക്കാന്‍ പഠിപ്പിയ്ക്കുന്ന പാഠശാലകള്‍

ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളും ഹോളി ക്യൂന്‍സ് സ്കൂളും എന്‍എന്‍എസ് കോളജുമൊക്കെ സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടിയ അറിവിന്‍റെ കേന്ദ്രങ്ങളാണ്. കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ക്കൊപ്പം നല്ല പാഠങ്ങളും പകര്‍ന്നു നല്‍കിയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്കായി ഏത് നിമിഷവും സജ്ജരായ ഗവ. സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളും ചെറുപ്പത്തിലേ തന്നെ കൃഷിയുടെ പാഠങ്ങള്‍ സ്വായത്തമാക്കുന്ന ഹോളിക്യൂന്‍സിന്‍റെ കുട്ടികളുമൊക്കെ സംസ്ഥാനത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണ്. നെല്‍ കൃഷിയ്ക്കും പച്ചക്കറി കൃഷിയ്ക്കും തങ്ങളാലാവുന്ന വിധം കൈതാങ്ങാകുന്ന എന്‍എസ്എസ് പ്രവര്‍ത്തകര്‍ തെങ്ങ് കയറ്റം അഭ്യസിച്ച് വരെ കര്‍ഷകര്‍ക്ക് താങ്ങായി മുന്‍പോട്ട് വന്നു.

രാജകുമാരി അമ്മ

രാജകുമാരി അമ്മയെ കുറിച്ച് പറയാതെ ഈ മനോഹര ഗ്രാമത്തിന്‍റെ ചരിത്രത്തിന് പൂര്‍ണ്ണതയില്ല. ജാതിമത ചിന്തകള്‍ക്ക് അധീതമായി ഉയര്‍ന്നു നില്‍ക്കുന്ന വിശ്വാസ ഗോപുരം. 1955 ലെ ക്രിസ്മസ് ദിനത്തിലാണ് രാജകുമാരി ദേവമാതാ പള്ളിയില്‍ ആദ്യ കുര്‍ബാന അര്‍പ്പണം നടന്നത്. കൂമ്പന്‍പാറ പള്ളിയിലെ വികാരിയായിരുന്ന ഫാ. സഖറിയാസ് പിട്ടാപ്പള്ളില്‍ ആണ് ആദ്യമായി ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.

കാട്ടു കമ്പുകള്‍ നാട്ടി അതിന്മേല്‍ പോത പുല്ലുകള്‍ നിരത്തി ബത്ലഹേമിലെ കാലിത്തൊഴുത്തിനെ അനുസ്മരിപ്പിക്കുന്ന അള്‍ത്താരയാണ് ആദ്യം നിര്‍മ്മിച്ചത്. കാട്ടാനകളില്‍ നിന്നും രക്ഷ നേടാനായി ചുറ്റും ട്രഞ്ച് കുഴിച്ച് അതിന്‍റെ നടുവില്‍ സ്ഥാപിച്ച പുല്ലുമേഞ്ഞ ഷെഡ് ആയിരുന്നു ആദ്യ ദേവാലയം. 1957 വര്‍ഷത്തില്‍ ഫാ. ജോസഫ് കുഴികണ്ടത്തില്‍ രാജകുമാരി ഇടവകയുടെ ആദ്യ വികാരിയായി. 1958-ല്‍ ഫാ. ജോസഫ് മുണ്ടയ്ക്കലിന്‍റെ നേതൃത്വത്തില്‍ ദേവാലയ നിര്‍മ്മാണം ആരംഭിച്ചു. 1962 ജനുവരി മൂന്നിന് കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനായിരുന്ന അഭിവന്ദ്യ മാര്‍ മാത്യു പോത്തനാമൂഴി പുതിയ ദേവാലയത്തിന്‍റെ കൂദാശ നിര്‍വ്വഹിച്ചു. 1982 മുതലാണ് ദേവാലയത്തിലെ തിരുനാള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. ഇന്ന് കിഴക്കന്‍ കേരളത്തിലെ പ്രശസ്ഥ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് രാജകുമാരി. ഇന്നത്തെ പുതിയ ദേവാലയത്തിന്‍റെ കൂദാശ കര്‍മ്മം 2014 ഏപ്രില്‍ 23ന് ഇടുക്കി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴികാട്ടില്‍ നിര്‍വ്വഹിച്ചു.

നഗരങ്ങളെ പോലെ അണിഞ്ഞൊരുങ്ങി രാജകുമാരി

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൈറേഞ്ചില്‍ ഏറ്റവും അധികം വികസനം നടന്ന ഒരു പ്രദേശമാണ് രാജകുമാരി. ചെറിയ ഗ്രാമത്തില്‍ നിന്നും ജില്ലയിലെ മികച്ചൊരു പട്ടണമായി രാജകുമാരി മാറി കഴിഞ്ഞു. ഹൈറേഞ്ചിലെ ഇതര പട്ടണങ്ങള്‍ക്ക് അസൂയ ഉളവാക്കുന്നവിധം ദ്രുതഗതിയിലാണ് മാറ്റങ്ങള്‍ ഇവിടെ ഉണ്ടായിട്ടുള്ളത്. മികച്ച കെട്ടിടങ്ങളും ആധുനീകത്വം തുളുമ്പുന്ന വ്യാപാര സ്ഥാപനങ്ങളും രാജകുമാരിയുടെ നിരത്തില്‍ ഇടംപിടിച്ചു. www.highrangevartha.com
ജില്ലയില്‍ ഇനിയൊരു താലൂക്ക് രൂപീകൃതമാകുന്നെങ്കില്‍ അത് രാജുകുമാരി കേന്ദ്രമായി തന്നെ ആയിരിക്കുമെന്നാണ് ഇവിടുത്തുകാരുടെ പ്രതീക്ഷ. ഉടുമ്പന്‍ചോലയേയും ദേവികുളത്തേയും ഇടുക്കിയേയും വിഭജിച്ച് രാജകുമാരി കേന്ദ്രമാക്കി ഒരു താലൂക്ക് അത്യന്താപേക്ഷിതവുമാണ്.

രാജാവിന്‍റെ ആസ്ഥാനമായ രാജാക്കാടിന്‍റെ തണലില്‍ സേനാപതിയുടെ സംരക്ഷണയില്‍ കജനപ്പാറയുടെ സാമ്പത്തീക ഭദ്രതയില്‍ ഹൈറേഞ്ചിന്‍റെ മനോഹാര കാഴ്ചകളെ ആവാഹിച്ച പൂപ്പാറയെ നോക്കി അവളങ്ങനെ തിളങ്ങുകയാണ് ഹൈറേഞ്ചിന്‍റെ മടിതട്ടില്‍ രാജകുമാരിയായി..

ജിജോ രാജകുമാരി
ലേഖകന്‍ രാജകുമാരി അച്ചാരുകുടിയില്‍ കുടുംബാംഗം. ഹൈറേഞ്ചിലെ യുവ എഴുത്തുകാരില്‍ പ്രമുഖനാണ് ജിജോ, അന്ന, ഇറവെള്ളം എന്നീ കവിതാ സമാഹാരങ്ങളും രാജകുമാരി എന്ന ചരിത്ര പുസ്തകവും മഴ അര ലിറ്റര്‍ വെയില്‍ ഒരു കിലോ എന്ന കഥാ സമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഇദേഹം വിവിധ ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും കോളങ്ങളും എഴുതുന്നു. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

3 thoughts on “ഹൈറേഞ്ചിന്‍റെ സ്വന്തം രാജകുമാരി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!