കള്ളപ്പട്ടയമുണ്ടാക്കി കൈവശ ഭൂമി തട്ടിയെടുത്തതായി പരാതി

പന്നിയാര്‍കുട്ടി സ്വദേശിയായ വയോധികനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്

കോടതി വിധി ഉണ്ടായിട്ടും ഭൂമി തിരിച്ച് പിടിച്ച് നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല

റിപ്പോര്‍ട്ട്: ജോജി ജോണ്‍

തൊണ്ണൂറ്റി എട്ടില്‍ പട്ടയത്തിന് അസൈമെന്റ് ഓഡര്‍ ലഭിച്ച ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ വ്യാജ പട്ടയം സമ്പാദിച്ച് തട്ടിയെടുത്തതായി പരാതി. 82 കാരനായ പന്നിയാര്‍കൂട്ടി സ്വദേശി കൊട്ടാരത്തില്‍ ജോസഫാണ് അനുകൂല കോടതി വിധിയുമായി അധികൃതരുടെ കനിവും കാത്തിരിക്കുന്നത്.
ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നും തൊണ്ണൂറ്റി എട്ടിലാണ് എണ്‍പത് സെന്റ് സ്ഥലത്തിന് പട്ടയം നല്‍കുന്നതിനുള്ള അസൈമെന്റ് ഓഡര്‍ ലഭിക്കുന്നത്. നടപടികള്‍ പൂര്‍ത്തീകരിയ്ക്കുന്നതിനായി റവന്യു അധികൃതര്‍ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയാതെ വന്നതോടെ പട്ടയം ലഭ്യമായില്ലെന്ന് ജോസഫ് പറയുന്നു

 

പിന്നീട് പട്ടയത്തിനായി നിയമ യുദ്ധം നടത്തി. ഇതിനിടയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂന്ന് പേരുടെ പേരില്‍ ഇതേ കൈവശ ഭൂമിക്ക് പട്ടയം നല്‍കുകയും ചെയ്തു. ഇതിനെതിരേ ദേവികുളം കോടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ അനധികൃതമായി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യുന്നതിനും ഭൂമി തിരിച്ച് പിടിച്ച് നല്‍കുന്നതിനും അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.
ഭാര്യയും മൂന്ന് ആണ്‍മക്കളും  മരണപ്പെട്ടതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട ഈ എണ്‍പത്തി രണ്ട് കാരന് ഇപ്പോള്‍ ഏക ആശ്രയം മരുമകളും പേരക്കുട്ടികളുമാണ്. പ്രായാധിക്യം മൂലം ഓഫീസുകള്‍ കയറി ഇറങ്ങുന്നതിനും കഴിയാത്ത സാഹചര്യമുണ്ട്. ഭൂമി തട്ടിയെടുത്തവര്‍ ഭീഷണിപെടുത്തുന്നതായും ഇദ്ദേഹം പറയുന്നു. എല്ലാവിധ രേഖകളും കോടതി വിധിയും ഉണ്ടായിട്ടും അധികൃതരുടെ മുഖം തിരിച്ച നടപടിക്കെതിരേ ഇനി പരാതി നല്‍കാന്‍ ഒരിടവും ബാക്കിയില്ലെന്നും ഇദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!