രാജകുമാരി ഭൂ പതിവ് ഓഫീസ് നിര്‍ത്തലാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം

 

  വര്‍ഷങ്ങളുടെ കാത്തിരുപ്പിന് ശേഷം കഴിഞ്ഞ മാസം മുതലാണ് രാജാക്കാട് പ്രവര്‍ത്തിക്കുന്ന രാജകുമാരി ഭൂമിപതിവ് ഓഫീസില്‍ പട്ടയത്തിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. എന്നാല്‍ പുതിയ തഹസില്‍ദാര്‍ ചുമതലയേറ്റ ശേഷം ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതിന് വേണ്ടി പരിശ്രമം നടത്തുന്നുണ്ടെന്നാണ് സി പി ഐ യുടെ ആരോപണം. പത്തുചെയിന്‍ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്തും ഇനിയും ആയിരക്കണക്കിന് കര്‍ഷകരുടെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നിരിക്കേ പട്ടയ നടപടികള്‍ പൂര്‍ത്തിയായെന്ന് വരുത്തി തീര്‍ത്ത് ഓഫിസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനാണ് നിലവില്‍ ചുമതലയുള്ള തഹസില്‍ദാര്‍ ശ്രമിക്കുന്നതെന്ന് സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ പി അനില്‍ പറഞ്ഞു.

പട്ടയ നടപടികള്‍ അട്ടി മിറക്കുന്നതിനും ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്നും അപേക്ഷകര്‍ ഹാജരാക്കുന്ന പല രേഖകളും ഇവിടെ നിന്നും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇക്കാരണത്താല്‍ പട്ടയം ലഭിക്കാത്ത നിരവധി ആളുകള്‍ വിവിധ വില്ലേജുകളില്‍ ഉണ്ടെന്നും അപേക്ഷകരും പറയുന്നു.

എന്നാല്‍ പട്ടയ ഓഫീസിന്റെ പരിധിയില്‍ വരുന്ന പ്രദേശത്ത് നിയമപരമായി നല്‍കാവുന്ന മുഴുവന്‍ പട്ടയങ്ങളും നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഇത്തരമൊരു ഓഫീസിന്റെ ആവശ്യം നിലവില്‍ ഇല്ലെന്നുമാണ് തഹസില്‍ദാരുടെ വാദം. എന്നാല്‍ ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരേ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകാനാണ് സി പി ഐയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!