മണ്ണിന്റെയും, മനസിന്റെയും കഥപറഞ്ഞ് “കെട്ട്യോളാണെന്റെ മാലാഖ “

തനി ഇടുക്കികാരന്‍ കര്‍ഷകന്‍ സ്ലീവാച്ചന്റെ ലോകമാണ് ചിത്രം പങ്കുവെയ്ക്കുന്നത്….

ലില്ലി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി അനു അനിലും ജീവിത ഗന്ധിയായ തിരക്കഥ ഒരുക്കി അജി പീറ്റര്‍തങ്കവും…. ചിത്രത്തിലെ….. ഇടുക്കിയുടെ കരുത്താകുന്നു…….

പ്രിന്‍സ് ജയിംസ്…..

ഇടുക്കിയുടെ മലയോരമേഖല പ്രമേയമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസുകുട്ടി, ദിലീഷ് പോത്തന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട്, ജോൺ പോൾ ജോർജിന്റെ അമ്പിളി, എന്നീ സിനിമകളുടെ എല്ലാം അടിസ്ഥാന രസതന്ത്രം ഹൈറേഞ്ച് തന്നെയാണ്…………

ഹൈറേഞ്ചിലെ സാധാരണക്കാരനായ ഒരു ശരാശരി ചെറുപ്പക്കാരന്റെ കഥ പറഞ്ഞ മഹേഷിന്റെ പ്രതികാരത്തെ, ഇടുക്കിയിലെ പ്രേക്ഷകർ നെഞ്ചിലേറ്റിയത് ഒരു റിയലിസ്റ്റിക് സിനിമയുടെ ടോട്ടാ ലിറ്റിയിൽ അനുഭവപ്പെട്ട നിഷ്കളങ്കത കൂടി മുൻനിർത്തിയാണ്. അമ്പിളിയിലെ കഥാപാത്രസൃഷ്ടി കളും പശ്ചാത്തലവും ഈ നിഷ്കളങ്കത ഒരിക്കൽകൂടി അനുഭവവേദ്യമാക്കി. ലൈഫ് ഓഫ് ജോസുകുട്ടി യിലെ, ഹൈറേഞ്ചിലെ ആണുങ്ങളെല്ലാം നിരക്ഷരരാണ് എന്ന പ്രയോഗം ആസ്വാദകരിൽ അല്പം അസ്വസ്ഥത പരത്തി. എന്നാൽ ജെല്ലിക്കെട്ട് കലാ മൂല്യത്തിന്റെ പുത്തൻ സാധ്യതകൾ മലയാളസിനിമയ്ക്ക് തുറന്നു കൊടുത്തു എങ്കിലും, കുടിയേറ്റ ജനതയുടെ വികാരങ്ങളെ പലപ്പോഴും ചോദ്യംചെയ്യുകയും കീറി മുറിക്കുകയും ചെയ്തു.,, സിനിമയെ അതിന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വിലങ്ങുകൾ തീർക്കാത്ത ഒരു ഒരു തലത്തിലേക്ക് വിട്ടു കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സംവിധായകന്റെ കാഴ്ചപ്പാടാണ് പ്രധാനം.

അത് സ്ഫുടംചെയ്ത് എടുത്തതാകണമെന്നുമാത്രം.. അടിസ്ഥാനമായി ഇത്രയും പറഞ്ഞത്, കെട്ട്യോൾ ആണെന്റെ മാലാഖ എന്ന ആസിഫ് അലി ചിത്രത്തിലേക്കുള്ള വഴി തുറക്കലാണ് .

മുൻവിധികൾ ഒന്നുമില്ലാതെ സെമിത്തേരിയിലെ ഒരു പ്രാർത്ഥനയിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്. സ്ലീവാച്ചന്റെപിതാവിന്റെ ഓർമ്മദിവസം. അമ്മയോടും പെങ്ങന്മാരോടും ഒപ്പം പ്രാർത്ഥനയിൽ പങ്കെടുക്കുന്ന സ്ലീവാച്ചനെ കണ്ടുതുടങ്ങുമ്പോൾ തന്നെ ആസിഫ് അലി എന്ന “താരം” പ്രേക്ഷകരുടെ കണ്മുൻപിൽ നിന്നും അപ്രത്യക്ഷമാകും.തുടർന്ന് സ്ലീവാച്ച നോടൊപ്പമാണ് പ്രേക്ഷകർ സഞ്ചരിക്കുക. സമ്പന്നൻ എങ്കിലും തനി നാടൻ കർഷകൻ. കാലിവളർത്തലും, റബ്ബർ കൃഷിയും, കുരുമുളക് കൃഷിയും ഒക്കെയായി മുന്നോട്ടുപോകുന്ന അവിവാഹിതനായചെറുപ്പക്കാരൻ. അമ്മയും പെങ്ങന്മാരും നാൽക്കവലയും, ബാർബർ ഷോപ്പും തന്റെ ബിൽഡിങ്ങിലെ ഫോട്ടോസ്റ്റാറ്റ് കടയും സന്തതസഹചാരിയായ ഗോപി ചേട്ടനും ഭാര്യ ലില്ലിയും അയൽവാസിയായ കുട്ടിയച്ചനും മറിയാമ്മച്ചേടത്തി മൊക്കെയാണ് സ്ലീവാച്ചന്റെ ലോകം. സ്ലീവാച്ചന്റെ വിവാഹവും, തുടർന്ന് അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
നാട്ടിൻപുറത്തെ സുഹൃത്തുക്കളുടെ അപക്വമായ ചില ഉപദേശങ്ങൾ നിഷ്‌ക്കളങ്കനായ സ്ലീവാച്ചന്റെ ജീവിതം തന്നെ തകർക്കുകയാണ്.സർവ്വ സമ്മതനായ സ്ലീവാച്ച ൻ നാട്ടുകാർക്കിടയിലും വീട്ടുകാർക്ക് ഇടയിലും, അപഹാസ്യനാകുന്നു. കഥാഗതിയിൽ ഗോപിക്കും ലില്ലിക്കും കാര്യമായ സ്ഥാനമില്ല എന്ന് പ്രേക്ഷകർക്ക് തോന്നുന്നിടത്ത് തന്നെയാണ് സംവിധായകൻ വിദഗ്ധമായി അവരെ പ്ലയ്സ് ചെയ്തിരിക്കുന്നതും.

ഗോപിയുടെയും ലില്ലിയുടെയും ഊഷ്മള സ്നേഹം കൺമുമ്പിൽ അനുഭവിക്കുന്ന സ്ലീവാച്ചന്റെ ” നിങ്ങൾ അടിപൊളി ആണല്ലോ ഗോപിചേട്ടാ “” എന്ന ചോദ്യവും. കണ്ണുതുറന്ന് ചുറ്റുമൊന്നു നോക്കിയാൽ എല്ലാത്തിനും ഉള്ള ഉത്തരം നമുക്ക് കിട്ടുമെന്ന ഗോപിയുടെ മറുപടിയും സിനിമയുടെ വഴിത്തിരിവാണ്.

“പ്രകൃതിയിലൊരു ജീവജാലങ്ങളും തങ്ങളുടെ ഇണകളെ ആക്രമിച്ചു കീഴ്പ്പെടുത്താറില്ല … എല്ലായിടത്തും പ്രണയമുണ്ട് “ എന്ന ഫിലോസഫിക്കൽ കണ്ടന്റുകൂടി കർഷകനായ ഗോപി നാടൻ ഭാഷയിൽ പങ്കുവയ്ക്കുന്നു. ഇത് സ്ലീവാച്ചന്റെ ജീവിതത്തിൽ വഴിത്തിരിവ് സമ്മാനിക്കുകയാണ്. വ്യത്യസ്തമായ കുരുമുളക് വള്ളി വികസിപ്പിച്ചുദേശീയ പുരസ്കാരം നേടുന്ന സ്ലീവാച്ചന് തന്റെ ഭാര്യയെ തിരികെ ലഭിക്കുന്ന ചിത്രവും ഹൃദയഹാരിയായി അവതരിപ്പിക്കുവാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. നമുക്ക് പരിചിതരായ കുറെയേറെ ആളുകളോടൊപ്പം രണ്ടുമണിക്കൂർ സമയം ചിലവിട്ട്, വീണ്ടും കാണാം എന്ന് യാത്ര പറഞ്ഞിറങ്ങുന്ന ഒരു സുഹൃത്തായാണ് ഓരോ പ്രേക്ഷകനും ചിത്രം കണ്ടശേഷംതീയറ്റർ വിട്ടിറങ്ങുന്നത്.

ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച ഒരു ചിത്രം എന്നു തന്നെ കെട്ടിയോൾ ആണ് എന്റെ മാലാഖയെ വിലയിരുത്താം. കെട്ടിലും മട്ടിലും മണ്ണിന്റെ മണമുള്ള ഒരു കർഷകനായി ആസിഫ് അലി എന്ന നടൻ അഭിനയിക്കുകയല്ല ജീവിക്കുകതന്നെയാണ്. സ്ലീവാച്ചന്റെഭാര്യ റിൻസി ആയി വീണാനന്ദകുമാറൂം മികച്ച് നിൽക്കുന്നു. അമ്മയായി അഭിനയിച്ച മനോഹരിഅമ്മ സിനിമയിൽ തന്റെ കയ്യൊപ്പ് ചാർത്തി കഴിഞ്ഞു. മൂന്നു പതിറ്റാണ്ടുകാലത്തെ പ്രൊഫഷണൽ നാടകവേദിയിലെ പരിചയവും ജനപ്രിയ സീരിയലായ ഉപ്പുംമുളകിലെ അനുഭവസമ്പത്തും മനോഹരിയമ്മക്ക് സിനിമയിൽ മുതൽക്കൂട്ടായി.

 

നാഷണൽ – ഇന്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവലുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കട്ടപ്പന ദർശനയുടെ ഒഴിവു ദിവസത്തെ കളി എന്ന തീയേറ്റർ ക്ലാസിക്കിലും, മഴവിൽ മനോരമയിലെ മഞ്ഞിൽവിരിഞ്ഞ പൂവിലൂടെയും, ശ്രദ്ധേയയ ഇടുക്കിയുടെ അഭിനേത്രി അനു അനിൽ “ലില്ലി”യെമനോഹരമാക്കി. പ്രാദേശിക ചാനലുകളായ ഇടുക്കി വിഷൻ -കേരളവിഷൻ ചാനലുകളിലൂടെ വാർത്താഅവതാരികയായി അനുവിനെ ഹൈറേഞ്ചുകാർക്ക് മുൻപേ പരിചയം ഉണ്ടങ്കിലും സിനിമയിലെ കന്നിക്കെട്ട് അനു മികവുറ്റതാക്കി. അനു അനിലിന്റെ അഭിനയത്തിലെ ഒതുക്കവും അച്ചടക്കവും മലയാളസിനിമക്ക്‌ പ്രതിഭയുള്ള ഒരു അഭിനേത്രിയെ സമ്മാനിക്കുന്നതിന്റെ സൂചനയുണ്ട്.

അനു അനില്‍

 

ലില്ലിയുടെ ഭർത്താവ് ഗോപിയെ അവിസ്മരണീയമാക്കാൻ പോലീസുകാരൻ കൂടിയായ കലാകാരൻ തോമസിന് കഴിഞ്ഞു. കർഷകനായ ഗോപിയെ ഒരു പുതുമുഖ ത്തിന്റെതായ പരിഭ്രമങ്ങൾ ഒന്നുമില്ലാതെ പക്വതയോടെ അവതരിപ്പിക്കുവാൻ തോമസിന് കഴിഞ്ഞിട്ടുണ്ട്. സ്ലീവാച്ചന്റെ രണ്ടാമത്തെ സഹോദരി അന്നയായി വേഷമിട്ട സ്മിനുവും, മൂത്ത സഹോദരി മേഴ്‌സിയായി അഭിനയിച്ച ജയലക്ഷ്മിയും തങ്ങളുടെ റോളുകൾ മനോഹരമാക്കി. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ സിനിമയിൽ ശ്രീനിവാസന്റെ ഭാര്യയായി സ്മിനുവിനെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും, കെട്ട്യോൾ ആണെന്റെ മാലാഖയിലെ അന്നയുടെ കലർപ്പില്ലാത്ത അവതരണം ഏറെ ശ്രദ്ധേയമാണ്. ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ജയലക്ഷ്മി തന്റെ സിനിമയിലെ അരങ്ങേറ്റ കഥാപാത്രമായ മേഴ്സിയെ നാട്ടിൻപുറത്തുകാരിയുടെ തന്മയത്വംകളയാതെതന്നെ ഫലിപ്പിച്ചിട്ടുണ്ട്.സ്ലീവാച്ചന്റെ മറ്റു പെങ്ങന്മാരും അളിയന്മാരും, കുട്ടികളും മറിയാമ്മ ചേടത്തിയുമൊക്കെ രേഖപ്പെടുത്തേണ്ടവർ തന്നെ. രവീന്ദ്രനും ജാഫർ ഇടുക്കിയും സംവിധായകൻ ബേസിലും മാലാപാർവ്വതിയും കഥാപാത്രങ്ങളെ അതിഗംഭീരമാക്കി. സിനിമയ്ക്ക് വേണ്ടി ഏറെ കഷ്ടപ്പെടുന്ന നൗഫലിന് പോലും ചെറുതെങ്കിലും കൃത്യമായ സ്പേസ് ഉണ്ട്.

ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ലളിതവും മനോഹരവുമായി പറഞ്ഞു തീർത്ത പുതുമുഖ സംവിധായകൻ നിസാം ബഷീറിന്റെ കയ്യടക്കം തന്നെയാണ് എടുത്തു പറയേണ്ട ഒന്ന്. മുൻപുള്ള സിനിമകളിൽ പറഞ്ഞു വെച്ചതോ, കണ്ടു മറന്നതോ ആയ നിരവധി സീനുകൾ കടന്നു വരാമായിരുന്ന തിരക്കഥയിൽ, അതിൽനിന്നെല്ലാം വഴുതിമാറി അനുഭവസമ്പത്തും ക്രിയേറ്റിവിറ്റിയും കൊണ്ട്, സുന്ദരമായി ഈ പ്രതിസന്ധികളെ എല്ലാം മറികടന്ന അജിപീറ്റർതങ്കം എന്ന എഴുത്തുകാരന്റെ തിരക്കഥ തന്നെയാണ് കെട്ടിയോൾ ആണ് എന്റെ മാലാഖ യുടെ നട്ടെല്ല്. കാർഷികമേഖലയുടെ ഗ്രാമീണ ഭാഷ വളരെ കൃത്യതയോടെ കൂടി തന്നെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും പൂർണ്ണമായും വിജയിച്ചിട്ടുണ്ട്. അങ്കമാലിക്കാരെയും, എറണാകുളംകാരെയും കോഴിക്കോടുകാരെയും ഒക്കെ, ഇടുക്കിയുടെ ഭാഷ പറയിക്കാൻ ശ്രമിച്ചുപരാജയപ്പെട്ട ചില മുൻസിനിമകളുടെ ഉദാഹരണങ്ങൾ മുന്നിൽഉണ്ടായിരുന്നതു കൊണ്ടാകാം സംവിധായകൻ നിസാം ബഷീറും തിരക്കഥാകൃത്ത് അജി പീറ്റർ തങ്കവും ഒക്കെ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയതും..

പ്രകൃതിക്ക് തികച്ചും അനുയോജ്യമായ, വികാരങ്ങളെ വ്രണപ്പെടുത്താത്ത, സുന്ദരമായ പശ്ചാത്തല സംഗീതവും, ഗാനങ്ങളിലെ ഗ്രാമീണ ഭംഗിയും, കഥാപാത്രങ്ങളുടെ സ്വഭാവത്തിന് ഇണങ്ങിയ വസ്ത്രാലങ്കാരവും, എടുത്തു പറയേണ്ടത് തന്നെ. അഭിലാഷിന്റെ ക്യാമറ ഒരു കുളിർകാറ്റ് പോലെ ഒഴുകി നടക്കുന്ന ഹൃദ്യത ചിത്രത്തിൽ അനുഭവവേദ്യമാണ്
സർക്കാർ ഏർപ്പെടുത്തിയ അമിതനികുതി മൂലം ടിക്കറ്റ് ചാർജിൽ ഉണ്ടായ അധികവർദ്ധന സാധാരണക്കാരായ പ്രേക്ഷകർക്ക് തിരിച്ചടിയായ സമയത്ത് തന്നെയാണ് കെട്ട്യോൾ ആണെന്റെ മാലാഖ തിയേറ്ററിലെത്തിയത് എന്നത് ഏറെ നിർഭാഗ്യകരമാണ്. എങ്കിലും മലയാളിക്ക് നെഞ്ചോടു ചേർത്തു വയ്ക്കാൻ മണ്ണിന്റെ മണമുള്ള, ജീവിത ഗന്ധിയായ ഒരു സിനിമ സമ്മാനിച്ചതിൽ നിസാം ബഷീർ എന്ന പുതുമുഖ സംവിധായകനും, ഹൈറേഞ്ച് കാരനായ തിരക്കഥാകൃത്ത് അജിപീറ്റർതങ്കത്തിനും  അഭിമാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!