മനുഷ്യന്റെ വികൃതിയ്ക്ക് പ്രകൃതി പകര്‍ന്ന അഴക്…. ചിന്നമന്നൂര്‍ വെള്ളൈപ്പാറയിലെ അത്ഭുത കാഴ്ചകള്‍

ഓരോ ഗ്രാമവും ഒളിച്ച് വെച്ചിട്ടുണ്ട് ചില അത്ഭുത കാഴ്ചകളെ…..അവിചാരിതമായാവും അവയില്‍ ചിലത് ഒപ്പമെത്തുന്നത്….

സ്‌ക്രിപ്റ്റ്…പ്രിന്‍സ് ജയിംസ്

തേനിയ്ക്കടുത്ത് ചിന്നമന്നൂരിലേയ്ക്ക് ചില ആവശ്യങ്ങള്‍ക്കായി പോയപ്പോഴാണ് വെള്ളൈപ്പാറയുടെ മനോഹര കാഴ്ചകള്‍ കൂട്ടിനെത്തിയത്. യാത്രയുടെ ഉദേശം കഴിഞ്ഞതോടെ ഒന്ന് കറങ്ങാമെന്ന് തീരുമാനിച്ചു. ചിന്നമന്നൂരിന്റെ കാര്‍ഷിക കാഴ്ചകളായ പൂപ്പാടങ്ങള്‍ തേടി പോകാം എന്ന് അഭിലാഷ് ചേട്ടന്‍ പറഞ്ഞപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല.

 

ചിന്നമന്നൂര് പിന്നിട്ട് തേനി റൂട്ടിലെ ആദ്യ ഗ്രാമമായ സിലയംപട്ടിയിലാണ് പൂപാടങ്ങള്‍ കൂടുതലായുള്ളത്. റോസും മുല്ലയും ജമന്തിയുമൊക്കെ വിരിയുന്ന നിരവധി പാടങ്ങള്‍ ഉണ്ടിവിടെ…

 

സിലയംപട്ടിയില്‍ നിന്നും വലത്തേയ്ക്ക് ആദ്യം കണ്ട ചെറു പാതയിലേയ്ക്ക് വണ്ടി തിരിച്ചു. ഗ്രാമീണ പാതയുടെ ഇരു വശവും കര്‍ഷകരുടെ കരവിരുതിനാല്‍ സമ്പന്നമാണ്…..പൂ പാടങ്ങള്‍ കൂടാതെ തെങ്ങും വാഴയും പച്ചക്കറികളും ഒക്കെ വിളയുന്ന കൃഷിയിടങ്ങള്‍. ചില സ്ഥലങ്ങളില്‍ പു കൃഷിയ്ക്കുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍…വിളവെടുപ്പിന് ശേഷം ചുവന്ന ഉള്ളി ചന്തയിലേയ്ക്ക് എത്തിയ്ക്കുന്നതിനായി ഒരുക്കുന്നുമുണ്ട്….

 

മണ്‍പാതയിലൂടെ വെറുതെ കുറേ ദൂരം വെറുതെ സഞ്ചരിയ്ക്കാം എന്നായിരുന്നു ചിന്ത. ദൂരെ പൂര്‍വ്വ ഘട്ട മലനിരകള്‍ കാണാം… നൂറുകണക്കിന് ആടുകളെ തെളിച്ച് ആട്ടിടയന്‍മാര്‍ നടന്നു നീങ്ങുന്നത് എത്ര നേരം നോക്കി നിന്നാലും മതിയാവില്ല…..

കൃഷി ഭൂമി മുള്‍ചെടികള്‍ക്ക് വഴിമാറുന്ന പ്രദേശത്തിനടുത്തായാണ് വെള്ളം നിറഞ്ഞ ഒരു പാറമട കണ്ടത്. വെറുമൊരു പാറമട എന്ന ചിന്ത ഒരു വളവ് കൂടി പിന്നിട്ടതോടെ അത്ഭുതത്തിന് വഴിമാറി….. ഒരു മലയുടെ നാല് ചുറ്റും പൊട്ടിച്ച് മാറ്റിയിരിക്കുന്നു. ഒത്ത നടക്കായി ഭീമാകാരമായ തൂണുപോലെ പാറ നിലനിര്‍ത്തിയിരിക്കുന്നു. പാറ തൂണിന് മുകളില്‍ ഒരു ക്ഷേത്രം ഉണ്ട്……

മലയുടെ താഴ് വാരത്തില്‍ പ്രധാന ക്ഷേത്രമുണ്ട്. പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന മേഖലയില്‍ കാര്‍ഷിക ഗ്രാമത്തിന്റെ കാവലാളായി മൊട്ടയാര്‍ സാമി നിലയുറപ്പിച്ചിരിക്കുന്നു… എല്ലാ ദിവസവും മുടങ്ങാതെ പൂജയും ഉണ്ട്. പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന പൊട്ടിച്ച് നീക്കാത്ത പാറയുടെ മുകളിലേയ്ക്ക് എത്തുന്നതിനായി ഇരുമ്പ് ഗോവണി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ അല്പം സാഹസീകമായി പിടിച്ച് കയറി വേണം മുകളില്‍ എത്താന്‍..

തേനി ജില്ലയുടെ കാര്‍ഷിക പ്രൗഢിയുടെ വിശാലമായ കാഴ്ച പാറയുടെ മുകളില്‍ നിന്നും ലഭ്യമാവും. ഒരു വശത്ത് പൂര്‍വ്വ ഘട്ട മല നിരകളും ദൂരെ പശ്ചിമഘട്ട മലനിരകളും അതിര്‍ത്തി പങ്കിടുന്ന കാര്‍ഷിക ഭൂമി…..ചിന്നമന്നൂരും തേവാരവും ബോഡിയും മേഘമലയുമെല്ലാം ഇവിടുന്ന് കാണാം….

വന്‍ തോതില്‍ പാറ ഖനനം ചെയ്‌തെങ്കിലും ഗ്രാമത്തിന്റെ ചൈതന്യമായ ക്ഷേത്രം സംരക്ഷിച്ചിരിക്കുന്നു….

ഞങ്ങള്‍ വെള്ളൈപ്പാറയിലെത്തിയപ്പോള്‍ ചിന്നമന്നൂരുകാരായ ഒരു കുട്ടിപട്ടാളവും അവിടെ ഉണ്ടായിരുന്നു. സംഘം ഒരു സൈക്കിളിലും ബൈക്കിലുമായാണ് അവധി ദിനം തകര്‍ത്ത് ആഘോഷിയ്ക്കാനെത്തിയത്. ചോറും കോഴിക്കറിയുമൊക്കെയായി എത്തി അടിച്ചുപൊളിയ്ക്കുകയാണവര്‍….ഞങ്ങള്‍ എത്തിയതോടെ സ്വയം ഗൈഡുകളായി നാടിന്റെ പ്രത്യേകത വാതോരാതെ സംസാരിച്ചു…..ക്ഷേത്രത്തിന് സമീപമെത്താന്‍ വഴികാട്ടിയത് അവരായിരുന്നു….സമീപത്തെ വന മേഖലയില്‍ നിന്നും മയിലുകളും മറ്റും രാവിലേയും വൈകുന്നേരങ്ങളിലും ഇവിടെ എത്താറുണ്ടത്രെ….ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറ തൂണിന്റെ മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപെട്ടിരിക്കുന്നു….വെള്ളം തേടി കാട്ടില്‍ നിന്നും മൃഗങ്ങള്‍ എത്താറുണ്ട്… കര്‍ഷകര്‍ തെളിച്ച് കൊണ്ടു വരുന്ന ആടുകള്‍ക്കും കുടിനീര്‍ പകരുന്നത് പാറമടയാണ്…….

ഞങ്ങടെ നാടിനെ കുറിച്ച് എല്ലാവരോടും പറയണേ…ഫേസ് ബുക്കില്‍ എഴുതണേ..ഇനി വരുമ്പോ വിളിയ്ക്കണേ…എന്നൊക്കെ പറഞ്ഞാണ് കുട്ടികള്‍ തിരികെ യാത്രയേകിയത്…. അവിചാരിതമായി കിട്ടിയ അത്ഭുത കാഴ്ചയുടെ ത്രില്ലിലായിരുന്നു ഞങ്ങള്‍…ഒരിയ്ക്കല്‍ കൂടി പോകണം..പൂക്കള്‍ നിറഞ്ഞ സിലയംപട്ടിയുടെ കാഴ്ച മൊട്ടയാര്‍ സാമിയുടെ അടുത്ത് നിന്ന് ആസ്വദിയ്ക്കാന്‍….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!