പഴയ ജീന്‍സൊക്കെ അടിപൊളി ബാഗ് ആക്കാം. വ്യത്യസ്ഥ സംരംഭവുമായി തേര്‍ഡ് ക്യാമ്പിലെ വനിതാ കൂട്ടായ്മ

ഉപയോഗ ശൂന്യമായ വസ്ത്രങ്ങള്‍ ഇനി വലിച്ചെറിയേണ്ട. കാരി ബാഗും പേഴ്‌സുമൊക്കെയായി ഇവ ഉപയോഗിക്കാം. നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പിലെ വനിതാ സംരംഭ കൂട്ടായ്മയാണ് പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് ബാഗുകള്‍ ഒരുക്കുന്നത്.

പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരമായി കുറഞ്ഞ നിരക്കില്‍ എങ്ങനെ കവറുകളും ബിഗ് ഷോപ്പറുകളും ഒരുക്കാം എന്ന ചിന്തയില്‍ നിന്നാണ് നെടുങ്കണ്ടം തേര്ഡ്ക്യാമ്പിലെ വനിതാ കൂട്ടായ്മ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ഉപയോഗ ശൂന്യമായ വിവിധ വസ്ത്രങ്ങള്‍ ബാഗുകളും പേഴ്‌സുകളുമായി ഇവര്‍ മാറ്റുന്നു. നിത്യോപയോഗത്തിനായി ആവശ്യമായ വിവിധ തരം കവറുകളാണ് പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് ഇവര്‍ നിര്‍മ്മിയ്ക്കുന്നത്. പേഴ്‌സായും ബിഗ് ഷോപ്പറായും ഉപയോഗിക്കാവുന്ന ബാഗുകള്‍, ബിഗ് ഷോപ്പറുകള്‍, പേഴ്‌സുകള്‍, ടിഫിന്‍ കാരി ബാഗ്, ലേഡീസ് ഷോള്‍ഡര്‍ ബാഗ്, ട്രാവലിംഗ് ബാഗ്, പച്ചക്കറികളും മറ്റും നടന്നതിനായി ഗ്രോ ബാഗുകള്‍, വേസ്റ്റ് ബിന്നുകള്‍ തുടങ്ങിയവയാണ് പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്നത്.

ഹൈറേഞ്ച് വാര്‍ത്തയുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ചേരാന്‍ ലിങ്ക് ഉപയോഗിക്കൂ…..https://chat.whatsapp.com/G59ZaBpQize8UySaofYTjK

ഓരോ വസ്ത്രങ്ങളുടേയും ഡിസൈന് അനുസൃതമായാണ് വ്യത്യസ്ഥ രൂപത്തിലേയ്ക്ക് ഇവ മാറ്റുന്നത്. സന്ധ്യ, ഷീല, ബീനൂട്ടി, വിജി എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിയ്ക്കുന്നത്. ഒരു വര്‍ഷം മുന്‍പ് തയ്യല്‍ ജോലികളുമായാണ് ലാവണ്യ എന്ന പേരില്‍ ഇവര്‍ സംരംഭം ആരംഭിച്ചത്. പ്ലാസ്റ്റിക് നിരോധനം വന്നതോടെ തുണി സഞ്ചി നിര്‍മ്മാണം ആരംഭിയ്ക്കുകയായിരുന്നു. നെടുങ്കണ്ടം സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് ഇവര്‍ക്ക് പരിശീലനം നല്‍കി. തയ്യല്‍ ജോലികള്‍ക്കായി സഹായികളും ഉണ്ട്. നിലവില്‍ ഇവരുടെ പക്കല്‍ ഉള്ള വസ്ത്രങ്ങളും അയല്‍പക്കങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന വസ്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. പഴയ വസ്ത്രങ്ങള്‍ ബാഗുകള്‍ ആക്കി നല്‍കണമെന്ന് ആവശ്യപെട്ടും ആളുകള്‍ എത്തുന്നു. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാവര്‍ത്തികമായതോടെ കുറഞ്ഞ നിരക്കില് പകരം സംവിധാനം എങ്ങനെ സാധ്യമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വനിതാ കൂട്ടായ്മ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!