അത്രമേല്‍ ലാളിത്യമാണ് ആകാശത്തിന്‍റെ സന്തതികളായ ഈ തുമ്പികള്‍ക്ക്….

മലയാളത്തിന്റ സാഹിത്യഭൂമികയിലേക്ക് കൈയൊപ്പിട്ട് ചില കഥകളെ അയക്കുകയാണ് മോബിൻ മോഹൻ. …..കൈയൊപ്പ് അത്രമേൽ ലളിതവും, ലാളിത്യം കൊണ്ട് സങ്കീർണവും ആണ്. അതുകൊണ്ട് തന്നെ അനുകരണം തികച്ചും അസാധ്യം. ലളിതമായ ഈ തനതു ശൈലി തന്നെയാണ് മോബിൻ മോഹൻ എന്ന യുവഎഴുത്തുകാരനെ മലയാളസാഹിത്യത്തിന്റ പ്രതീക്ഷ എന്ന നിലയിലേയ്ക് ഉയർത്തുന്നത്. “പുറമ്പോക്ക്” എന്ന ആദ്യ കഥാസമാഹാരത്തിനും “ജക്കരന്ത” എന്നാ നോവലിനും ശേഷം പുറത്തിറങ്ങിയ മോബിൻ മോഹന്റെ “ആകാശം പെറ്റ തുമ്പികൾ” എന്ന ചെറുകഥാ സമാഹാരം ഈ പ്രതീക്ഷയെ ഊട്ടിയുറപ്പിക്കുന്നുണ്ട്. സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഇടുക്കിയുടെ മണ്ണ് പലപ്പോഴും ഫലഭൂയിഷ്ടമാവാറില്ല. അത്തരമൊരു സാഹചര്യത്തിൽ, ഹൈറേഞ്ചിന്റെ സ്പന്ദനങ്ങളെ ഉൾകൊണ്ട് എഴുതുന്ന ഈ എഴുത്തുകാരന്റെ ഓരോ കഥയും ഒരു പ്രതിരോധം തന്നെയാണ്.

നിരൂപണം: അമലു കല്ലൂരാന്‍…..

 


“ആകാശം പെറ്റ തുമ്പികൾ” എന്ന കഥ സമാഹാരത്തിലെ കഥകളെ ശ്രദ്ധേയമാകുന്നത് ലാളിത്യമുള്ള രചനാതന്ത്രം കൊണ്ടും രൂപഭദ്രത കൊണ്ടും, ശക്തമായ ആശയ സംവേദന ക്ഷമത കൊണ്ടും അതിൽ ഉൾച്ചേർന്നിരിക്കുന്ന ആശയങ്ങളുടെ പ്രസക്തി കൊണ്ടുമൊക്കെയാണ്. സാധാരണക്കാരന്റെ ഭാഷയിൽ അസാധാരണമായ കൈയ്യടക്കത്തോടെ രചിച്ചിരിക്കുന്ന കഥകൾ. ഈ കൈയ്യടക്കം തന്നെയാണ് മോബിന്റെ കഥകളുടെ അനുകരണം അസാധ്യമാക്കുന്നത്. നീളൻ വിവരണങ്ങളുടെ ദന്തഗോപുരത്തിൽ നിന്നും കഥയെ ഒതുക്കത്തിന്റെ പൊതു ഇടങ്ങളിലേയ്ക്ക് കൂട്ടികൊണ്ടു വരികയാണ് കഥാകാരൻ. കഥകളുടെ മറ്റൊരു പ്രധാന ഗുണം അത് നൽകുന്ന ചിരിയിൽ മുക്കിയ ചിന്തയാണ്. ഏതാനും ചില വരകളിലൂടെ ചിരിയും ചിന്തയും ഉണർത്തുന്ന ഒരു കാർട്ടൂണിസ്റ്റിന്റെ കൈയ്യടക്കം ഭാഷ പ്രയോഗത്തിലും, പാത്രനിർമ്മിതിയിലും, കഥാവതരണത്തിലും ഈ കഥാകാരനിൽ കാണാം. “മാനിറച്ചി” “എന്റെ ദൈവം” “ഭയശീലന്മാർ” “യുക്തിവാദികൾ തോൽക്കുന്നിടം” തുടങ്ങിയ കഥകൾ അതിന്റെ ഉത്തമോദാഹരണങ്ങളാണ്.

കാലഘട്ടത്തോടുള്ള നിരന്തരമായ സംവാദവും സമൂഹത്തിൽ വളർന്നു വരുന്ന ഫാഷിസ്റ്റ് പ്രവണതകളോടുള്ള സംഘട്ടനവും പ്രതിരോധവും പ്രതികരണവും കഥകളുടെ സവിശേഷതയാണ്. ചുറ്റുപാടുകളെ നിതാന്ത ജാഗ്രതയോടെ വീക്ഷിക്കുന്ന കഥാകാരൻ ഭാവനയിൽ ചുവടുറപ്പിച്ച്, പ്രവാചകന്റെ കുപ്പായമിട്ട്, കാലഘട്ടത്തിനു പ്രബോധനം നൽകുന്നു. “സദാചാരം” “മിഷൻ നാഷണൽപാർക്ക്” “മനഃസമാധാനത്തിന്റ മതേതരത്വം” “ഗന്ധപുരാണം” എന്നിവ ഈകൂട്ടത്തിൽ ശ്രദ്ധേയമാണ്. അലിഗറി (allegory ) എന്ന രചനാ സങ്കേതത്തെ വിദഗ്ദ്ധമായി ഉപയോഗിച്ച് പ്രവചനാത്മകമായി കഥ പറയുകയാണ് “ഗന്ധപുരാണം” എന്ന കഥയിലൂടെ മോബിൻ.

 

കഥാകാരന്റെ കഥപറച്ചിൽ എപ്പോളും വായനക്കാരന്റെ അരികത്തു നിന്ന് കൊണ്ടാണ്.സ്വീകരിക്കുന്ന വിഷയങ്ങളും അവയെ അവതരിപ്പിക്കുന്ന രീതിയും എല്ലാം അങ്ങനെ തന്നെ.

മനുഷ്യബന്ധങ്ങൾക്ക് മുൻതൂക്കം നൽകുന്ന വിഷയസ്വീകരണം; പ്രണയം, വിവാഹം, കുടുംബബന്ധങ്ങൾ എന്നിവയെ പറ്റി യാഥാസ്ഥിതികമായ സങ്കല്പനങ്ങളിൽ നിന്നുകൊണ്ട് തന്നെയുള്ള സൗന്ദര്യാത്മകമായ സമീപനം എന്നിവ കഥകളിൽ കാണാം. മനുഷ്യബന്ധങ്ങളെ പറ്റി സംസാരിക്കുമ്പോൾ ആർദ്രഭാവം കൈവരുന്ന ഭാഷ, രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിലേയ്ക് വരുമ്പോൾ ആക്ഷേപഹാസ്യത്തിന്റ മൂർച്ചയുള്ള ശൈലിയിലേയ്ക്ക് ചുവടുമാറുന്നു. “വടക്കേയുഴത്തിലെ മണ്ണിണക്കങ്ങൾ” “കുടക്കൂട്ട്” എന്നിവ മനുഷ്യബന്ധങ്ങളെ ചിത്രരീകരിക്കുന്ന ഹൃദയഹാരിയായ കഥകൾക്ക് ഉദാഹരണമാണ്. “വടക്കേയുഴത്തിലെ മണ്ണിണക്കങ്ങൾ” ഇടുക്കിയുടെ മിടിപ്പുകളെയും കൃത്യമായി അവിഷ്കരിക്കുന്നുണ്ട്. എഴുത്തുകാരന്റെ കഥാപാത്ര സൃഷ്ടിയുടെ മറ്റൊരു പ്രത്യേകത കഥാപാത്രങ്ങൾ വ്യക്തികൾ എന്നതിനപ്പുറം മനുഷ്യപ്രകൃതിയുടെ പ്രതിനിധികളാണെന്നുള്ളതാണ്. കഥാപാത്രത്തിന്റെ സ്വത്വം മനുഷ്യ സ്വതത്തിന്റെ ആകെത്തുകയാണ്.

ഈ സമാഹാരത്തിലെ കഥകൾ മുഴുവനായി എടുത്തുനോക്കുന്ന വായനക്കാരന് മോബിൻ മോഹൻ എന്ന കഥാകൃത്തിന്റെ ശൈലീപരിണാമങ്ങളെ കൃത്യമായി രേഖപ്പെടുത്താൻ പറ്റും. ആ പരിണാമം ആവട്ടെ, ഒരു വലിയ പ്രതീക്ഷ കൂടിയാണ്. ചെറുകഥയുടെ സമ്പന്നമായ ലോകത്ത് ഇടുക്കിയെ അടയാളപ്പെടുത്താൻ ഈ എഴുത്തുകാരന് സാധിക്കും എന്ന പ്രതീക്ഷ.

One thought on “അത്രമേല്‍ ലാളിത്യമാണ് ആകാശത്തിന്‍റെ സന്തതികളായ ഈ തുമ്പികള്‍ക്ക്….

  • April 23, 2018 at 12:40 am
    Permalink

    മനോഹരമായ പരിചയപ്പെടുത്തൽ.

    Reply

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!